മോഹന്‍ലാലിനെ ബോക്സോഫീസിലെ ഏറ്റവും വിലപിടിച്ച താരമാക്കി മാറ്റിയത് രഞ്ജിത് എഴുതിയ കഥാപാത്രങ്ങളാണ്. മംഗലശ്ശേരി നീലകണ്ഠനും പൂവള്ളി ഇന്ദുചൂഢനും ജഗന്നാഥനും കാര്‍ത്തികേയനും പരമേശ്വരനുമെല്ലാം ലാല്‍ – രഞ്ജിത് കൂട്ടുകെട്ടിന്‍റെ വിസ്മയം കോടികളുടെ കിലുക്കമാക്കി മാറ്റിയ കഥാപാത്രങ്ങളാണ്. എന്നാല്‍ റോക്ക് ‘ന്‍ റോളിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത് ഒരു ചിത്രം എഴുതിയിട്ടുമില്ല, സംവിധാനം ചെയ്തിട്ടുമില്ല.
രഞ്ജിത് അതിന്‍റെ കാരണം മുമ്പ് പറഞ്ഞിട്ടുമുണ്ട്. മോഹന്‍ലാല്‍ ഏകനായ ഒരു മനുഷ്യനല്ലെന്നും അദ്ദേഹത്തെ കാണണമെങ്കില്‍ ഒട്ടേറെ കടമ്പകളുണ്ടെന്നും മമ്മൂട്ടിക്കുചുറ്റും അത്തരം കോട്ടവാതിലുകളില്ലെന്നും രഞ്ജിത് തുറന്നടിച്ചിട്ടുണ്ട്. അക്കാര്യം രഞ്ജിത് കൂടുതല്‍ വ്യക്തമാക്കുന്നു.
“സദാ കൂടെയുണ്ടാവുന്നവരുടെ ഇടപെടല്‍ കാരണം ഒരു കഥയുമായി മോഹന്‍ലാലിനെ സമീപിക്കുക എളുപ്പമല്ലെന്ന് ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. ആ പ്രശ്നം ഇപ്പോഴുമുണ്ട്. എത്രയോ വര്‍ഷങ്ങളായി പരിചയമുള്ള വ്യക്തി എന്ന നിലയ്ക്ക്, മോഹന്‍ലാലിന്‍റെ ചുറ്റുമുള്ളവരെ ഗൗനിക്കേണ്ട കാര്യം എനിക്കില്ല. പക്ഷേ, പലപ്പോഴും അവര്‍ അലോസരം സൃഷ്ടിക്കാറുണ്ട് എന്നതാണ് എന്‍റെ അനുഭവം. നേരെമറിച്ച്, മമ്മൂട്ടിയുടെ അടുത്ത് എനിക്കാ പ്രശ്‌നങ്ങളില്ല” – രഞ്ജിത് മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.
റോക്ക് ‘ന്‍ റോളിന് ശേഷം താന്‍ ചെയ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങളൊന്നും മോഹന്‍ലാലിന് അനുയോജ്യമായിരുന്നില്ലെന്നാണ് രഞ്ജിത്തിന്‍റെ അഭിപ്രായം. “ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന ഇന്ത്യന്‍ റുപ്പിയിലെ ജയപ്രകാശിനെയോ പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റിലെ പ്രാഞ്ചിയേട്ടനെയോ ഒന്നും മോഹന്‍ലാല്‍ അവതരിപ്പിക്കുന്നതായി സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. അതുകൊണ്ടാണ് ലാലിനെ സമീപിക്കാഞ്ഞത്.” – രഞ്ജിത് പറയുന്നു.
അപ്പോള്‍ മോഹന്‍ലാലിന് അനുയോജ്യമായ ഒരു കഥയോ കഥാപാത്രമോ ലഭിച്ചാല്‍ വീണ്ടും രഞ്ജിത് – മോഹന്‍ലാല്‍ കൂട്ടുകെട്ട് ഉണ്ടാകുമോ? അതിനുത്തരം രഞ്ജിത് തന്നെ പറയുന്നു.
“ഒരു കഥാപാത്രത്തെ സൃഷ്ടിച്ചശേഷം അത് മോഹന്‍ലാല്‍ അല്ലാതെ വേറെയാരുചെയ്താലും ശരിയാകില്ല എന്നുതോന്നിയാല്‍ ഇപ്പോഴും ഞാന്‍ ലാലിനെ സമീപിക്കും. അതില്‍ ഈഗോയുടെ പ്രശ്‌നങ്ങളൊന്നുമില്ല. ചെറിയൊരു സ്‌പേസില്‍ വളരെ കുറഞ്ഞ സമയം കണ്ടുമുട്ടി ജീവിച്ചുമരിക്കാനുള്ളവരാണ് നമ്മളൊക്കെ. അതുകൊണ്ട് തന്നെ സ്ഥിരമായ ശത്രുതയിലോ വിദ്വേഷത്തിലോ വലിയ കാര്യമില്ല.” – രഞ്ജിത് പറയുന്നു.
ഏറെക്കാലമായി മോഹന്‍ലാലും രഞ്ജിത്തും തമ്മില്‍ ആശയവിനിമയം ഒന്നുമില്ല. നേരില്‍ കണ്ടുമുട്ടേണ്ട സാഹചര്യങ്ങള്‍ ഉണ്ടായില്ല. ഫോണില്‍ സംസാരിക്കുകപോലും ചെയ്തില്ല. എന്നാല്‍ അടുത്തിടെ മോഹന്‍ലാല്‍ രഞ്ജിത്തിനെ വിളിച്ചു!
“ഏറെക്കാലത്തിനുശേഷം ഈയിടെ ഞാന്‍ മോഹന്‍ലാലുമായി ഫോണില്‍ സംസാരിച്ചു. ക്യാമറാമാന്‍ എസ് കുമാറിനെ ലാല്‍ ഫോണില്‍ വിളിച്ചപ്പോള്‍ അടുത്ത് ഞാനുണ്ടെന്നറിഞ്ഞ് അദ്ദേഹം എന്നോടു സംസാരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ‘പ്രണയം’ സിനിമ കണ്ട് ഇഷ്ടപ്പെട്ട കാര്യം ഞാന്‍ ലാലിനോട് പറയുകയും ചെയ്തു.” – രഞ്ജിത് വിശദമാക്കി.
താനും മോഹന്‍ലാലുമായി പിരിഞ്ഞതിന്‍റെ കാരണവും രഞ്ജിത് മാതൃഭൂമിയുമായി പങ്കുവച്ചു. “ഞാനും മോഹന്‍ലാലും വളരെ കണ്‍വിന്‍സ്ഡ് ആയി ചെയ്‌തൊരു സിനിമയാണ് ‘റോക്ക് ‘ന്‍ റോള്‍’. അതിന്‍റെ ജയപരാജയങ്ങള്‍ കാരണമല്ല ഞങ്ങളുടെ ബന്ധം ഉലഞ്ഞത്. രണ്ടുപേരും വ്യത്യസ്തവഴികളില്‍ തിരിഞ്ഞതോടെ പരസ്പരം കാണുന്നതും സംസാരിക്കുന്നതും കുറഞ്ഞു എന്നു മാത്രം.” – രഞ്ജിത് വ്യക്തമാക്കി.
Leave a Reply